കൊച്ചി: പിറന്ന രാജ്യത്തിനും അരികിലെത്തുന്ന രോഗികൾക്കും ഗ്രേസി ജോസഫിന്റെ ഹൃദയത്തിലാണ് ഇടം. രണ്ടിലും തന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ആർദ്രമായ മുദ്രകൾ പതിപ്പിച്ചതാണ് ഈ ‘ലഫ്റ്റനന്റ് കേണൽ നഴ്സിംഗ് സൂപ്രണ്ടിനെ’വ്യത്യസ്തയാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽ നൂറ്റാണ്ടോളം സൈനിക സേവനം ചെയ്തശേഷം കേരളത്തിൽ നഴ്സിംഗ് രംഗത്തു സജീവമായ ലഫ്.കേണൽ (റിട്ട.) ഗ്രേസി ജോസഫ് ഇന്നു കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ നഴ്സിംഗ് സൂപ്രണ്ടാണ്.
യുദ്ധമേഖലകളിലും ദുരന്തഭൂമികളിലും മിലിട്ടറി നഴ്സ് എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചശേഷമാണു നഴ്സിംഗിനോടുള്ള ഇഷ്ടം നെഞ്ചിലേറ്റി സേവനയാത്ര തുടരുന്നത്.
തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദപഠനത്തിനിടെയാണ് വഴിത്തല കുരിശിങ്കൽ കുടുംബാംഗമായ ഗ്രേസിക്ക് അഖിലേന്ത്യാ എൻട്രൻസിലൂടെ മുംബൈയിൽ മിലിട്ടറി നഴ്സിംഗ് പഠനത്തിന് അവസരം ലഭിച്ചത്. നാലു വർഷം പഠനവും പരിശീലനവും പൂർത്തിയാക്കി കമ്മീഷൻഡ് ഓഫീസറായി. ലഫ്റ്റനന്റ് റാങ്കിൽ ലക്നോ, ജലന്ധർ, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ ആർമി ആശുപത്രികളിൽ സേവനം.
തേജ്പുരിലെ ഉൾഫ തീവ്രവാദി ആക്രമണം, ജാഫ്ന ആക്രമണം, ഗുജറാത്ത് ഭൂകമ്പം എന്നിവയുടെ ഘട്ടങ്ങളിൽ അവിടെയെല്ലാം പരിക്കേറ്റ സൈനികർക്കു മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിൽ സജീവമായിരുന്നു.
2008ൽ ലഫ്റ്റനന്റ് കേണൽ പദവിയിൽനിന്നു വിരമിച്ചശേഷം എംഎസ്സി സൈക്യാട്രിയും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും പൂർത്തിയാക്കി. 2011 മുതൽ കോലഞ്ചേരി മെഡിക്കൽ കോളജിൽ മെഡിക്കൽ സൂപ്രണ്ടാണ്.
നഴ്സുമാരുടെ അച്ചടക്കം, അവരുടെ ക്രിയാത്മകമായ മനോഭാവ രൂപീകരണം എന്നിവയിലെല്ലാം സൈന്യത്തിലെ സേവനപരിചയം പ്രചോദനമാണെന്ന് ഗ്രേസി ജോസഫ് പറയുന്നു.
പോത്താനിക്കാട് ചീരകത്തോട്ടം ബെന്നി ജേക്കബാണ് (മുൻ യുഎഇ ഡിഫൻസ്) ഗ്രേസിയുടെ ഭർത്താവ്. ദന്തഡോക്ടർമാരായ അർനോൾഡ് ജേക്കബ്, അന്ന ഒഷിൻ എന്നിവരാണു മക്കൾ. ഒളിമ്പ്യൻ ഷൈനി വിൽസൺ പിതൃസഹോദര പുത്രിയാണ്.